ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പന്തളം കൊട്ടാരത്തില്‍ നിന്നും പുലിപ്പാലിനായി പോയ ശ്രീധര്‍മ്മശാസ്താവ് വിശ്രമിച്ച സ്ഥലമാണ് പഞ്ചായത്തിലെ ആയിക്കല്‍ തിരുവാഭരണപാറയെന്നു വിശ്വസിക്കുന്നു.ഏകദേശം രണ്ടായിരത്തില്‍പരം വര്‍ഷത്തെ ചരിത്രവുമായി ചെറുകോല്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രമായി വിശ്വസിക്കുന്നു. ചെറുകോല്‍ പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന ക്രൈസ്തവ ദേവാലയമാണ് കാട്ടൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ്പളളി. നൂറ്റിമുപ്പത് വര്‍ഷം മുന്‍പ് പള്ളി ഇവിടെ സ്ഥാപിതമായി. ഇതിനോടനുബന്ധിച്ച കാലയളവില്‍ തന്നെ കീക്കൊഴൂര്‍ മാര്‍ത്തോമ്മ പള്ളിയും സ്ഥാപിതമായി. മാലിക് ദിനാറും സംഘവും കേരളത്തിലെത്തിയതിനെ തുടര്‍ന്ന് കാട്ടൂരിലെത്തിയ സംഘം കാട്ടൂര്‍ മുഹിയുദ്ദീന്‍ പള്ളി സ്ഥാപിച്ചു. ഇവിടെ മതപ്രബോധകനായി എത്തിയ മുഹിയുദ്ദീന്‍ ഖബറടങ്ങിയതായി വിശ്വസിക്കപ്പെടുന്നു. ചെറുകോല്‍ നെടുമ്പയില്‍ കൊച്ചുകൃഷ്ണന്‍ ആശാന്‍ പ്രസിദ്ധനായ കവിയും ജ്യോതിശാസ്ത്രജ്ഞനും തച്ചുശാസ്ത്രപണ്ഡിതനും ആയിരുന്നു. സംസ്കൃതത്തിലും, മലയാളത്തിലും ധാരാളം കവിതകളും ശാസ്ത്ര ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ‘ആറന്മുള വിലാസം ഹംസപ്പാട്ട്’ അക്കൂട്ടത്തില്‍ പ്രസിദ്ധമത്രേ. നെടുമണ്ണ് പീലിയാശാന്‍ ഒരു സംസ്കൃത പണ്ഡിതനായിരുന്നു. പീലിയാശാന്റെ പുത്രന്‍ എന്‍.പി.തോമസ് പഞ്ചായത്തിലെ ആദ്യ ഡിഗ്രിക്കാരനും ചെറുകോല്‍ വില്ലേജ് യൂണിയന്റെ ആദ്യ പ്രസിഡന്റും ആയിരുന്നു. കവിയൂര്‍ സ്വാമി എന്നറിയപ്പെടുന്ന ശ്രീ വിജയാനന്ദ സ്വാമികള്‍ കീക്കൊഴൂരും, ചെറുകോലും പൌര്‍ണ്ണമി സംഘം രൂപികരിച്ച് സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. നൂല്‍നൂല്‍പ്പും, തറിയില്‍ നെയ്ത്തും പഠിപ്പിച്ച് ആളുകളെ സ്വാശ്രയബോധമുള്ളവരാക്കുന്നതില്‍ അദ്ദേഹം വ്യാപൃതനായിരുന്നു. ജാതി മതവര്‍ഗ്ഗവ്യത്യാസമില്ലാതെ എല്ലാവരെയും പങ്കെടുപ്പിച്ച് വര്‍ഷം തോറും അദ്ദേഹം സമൂഹസദ്യനടത്തി വന്നു. ക്രിസ്ത്യന്‍ മിഷനറിമാരുടെ രംഗപ്രവേശം ആധുനിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. സാമുദായിക പ്രവര്‍ത്തനത്തിന് എത്തിയ ഗില്‍സായിപ്പ് വയലത്തറ സി.എം.എസ് സ്കൂള്‍ സ്ഥാപിച്ചു. പഞ്ചായത്തിലെ ആദ്യത്തെ സ്ക്കൂളാണ് ഇത്. അയിരൂരില്‍ എത്തിയ ദിവാനെ കീക്കൊഴൂര്‍, വയലത്തല കരക്കാര്‍ വള്ളത്തില്‍ കീക്കൊഴൂര്‍ എത്തിച്ച് സ്ക്കൂള്‍ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ഉണര്‍ത്തിച്ചപ്പോള്‍ 1914-ല്‍ കീക്കൊഴൂര്‍, ചെറുകോല്‍ ലോവര്‍ പ്രൈമറി സ്ക്കൂള്‍ ആരംഭിക്കുന്നതിന് അദ്ദേഹം അനുമതി നല്‍കി. വാഴക്കക്കുന്നം, ചമതക്കല്‍ എന്നിവിടങ്ങളില്‍ സംസ്കൃതപഠനം നിലനിന്നിരുന്നു. ‘ശാസ്ത്രി’ വിദ്യാഭ്യാസം ചമതയ്ക്കല്‍ സ്ക്കൂളില്‍ ഉണ്ടായിരുന്നു. 1962-ല്‍ കോഴഞ്ചേരിയില്‍ നിന്നും ആദ്യത്തെ ബസ് സര്‍വ്വീസ് കീക്കൊഴൂര്‍ വരെ എത്തിച്ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് ഭരണത്തിലെ ആദ്യ കാല്‍വയ്പ് വില്ലേജ് യൂണിയന്റെ ആവിര്‍ഭാവത്തോടെ ആണ്. ഭൂവുടമകളും സാമൂഹ്യ സാംസ്കാരിക രംഗത്തെ ഗ്രാമത്തിലെ പ്രഗത്ഭരെയും കണ്ടെത്തി സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത ഭരണസമിതി ഉണ്ടാക്കിയിരുന്നു. നാരങ്ങാനം, കടമ്മനിട്ട, കീക്കൊഴൂര്‍, വയലത്തല, കാട്ടൂര്‍, ചെറുകോല്‍ എന്നി പ്രദേശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ആദ്യത്തെ ചെറുകോല്‍ വില്ലേജ് യൂണിയന്‍ 1947-ല്‍ നിലവില്‍ വന്നു. ചെറുകോല്‍ പഞ്ചായത്തു ചരിത്രത്തിലെ ആദ്യത്തെ ഗ്രാമസമിതി തിരു കൊച്ചി സംസ്ഥാനത്ത് 1953-ല്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ആദ്യ ജനകീയ സമിതി അധികാരത്തില്‍ വന്നു.